മഴക്കാലത്തെ ഈര്‍പ്പവും, തണുത്ത താപനിലയും സന്ധിവേദനയ്ക്ക് ആക്കം കൂട്ടുന്നു. മഴക്കാലത്തെ അന്തരീക്ഷ താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സന്ധികള്‍ക്ക് സമീപമുള്ള പേശികള്‍ ചുരുങ്ങാന്‍ കാരണമാകും. ഇത് ആ ഭാഗത്തെ കാഠിന്യം വര്‍ധിപ്പിക്കുകയും കാലുകളും കൈകളും ഒക്കെ മടക്കാനും നിവര്‍ത്താനും ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. സന്ധികളില്‍ വീക്കത്തിനും അതുവഴി ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കും കാരണമാകാം.
സന്ധികളില്‍ വേദന, നീര്‍വീക്കം, മരവിപ്പ്, തരിപ്പ് എന്നിവയൊക്കെ മഴക്കാലത്ത് യൗവനം പിന്നിട്ടവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. അതുകൊണ്ട് മഴക്കാലത്ത് ശരീരത്തിന്റെ ചൂട് നിലനിര്‍ത്തി സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിന്റെ സുഗമമായ ചലനത്തിനും സന്ധിവേദന ഒഴിവാക്കാനും മഴക്കാലത്ത് ചുവടെ പറയുന്ന ടിപ്‌സുകള്‍ പ്രയോജനപ്പെടുത്താം.
വ്യായാമം
പതിവായി വ്യായാമം ചെയ്യാത്തവരിലാണ് സന്ധിവേദന അടക്കമുള്ള പ്രശ്‌നങ്ങള്‍ മഴക്കാലത്ത് രൂക്ഷമാകുന്നത്. യോഗ, നടത്തം അല്ലെങ്കില്‍ നീന്തല്‍ പോലെയുള്ള ലഘുവായ വ്യായാമങ്ങള്‍ പതിവാക്കി സന്ധികളെ സജീവമാക്കി നിര്‍ത്താനാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പേശികള്‍ക്ക് ആവശ്യമായ അയവ് നല്‍കുകയും കാലും കൈകളും നടുവും ഒക്കെ സുഗമമായി ചലിപ്പിക്കാനും വ്യായാമത്തിലൂടെ കഴിയും. സന്ധി വേദന നേരത്തെ ഉള്ളവര്‍ മഴക്കാലത്തിനു മുമ്പ് മുന്‍കരുതലുകള്‍ തേടണം. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അനുയോജ്യമായ വ്യായാമമുറകള്‍ തേടുക.
ഭക്ഷണ ക്രമീകരണം
സന്ധിവേദന നിയന്ത്രിക്കാന്‍ മഞ്ഞള്‍, ഇഞ്ചി, ഇലക്കറികള്‍, ഉള്‍പ്പെടെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ഒമേഗ 3 സമ്പുഷ്ടമായ സാല്‍മണ്‍, ട്യൂണ, ചാള, അയല നട്ട്‌സ്, തണുപ്പില്ലാത്ത പഴങ്ങള്‍, മധുരക്കിഴങ്ങ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ടിന്നിലടച്ച, സംസ്‌കരിച്ച ഭക്ഷണങ്ങളും എരിവും ഉപ്പും എണ്ണയും അധികമുള്ള വിഭവങ്ങളും ഒഴിവാക്കുക. ഇതൊക്കെ സന്ധിവേദന വര്‍ധിപ്പിക്കുന്നതാണ്.രക്തയോട്ടം വര്‍ധിപ്പിക്കാനും പേശികളിലെ മുറുക്കം ഒഴിവാക്കാനും ദിവസം 10 ഗ്ലാസ് മുതല്‍ 14 ഗ്ലാസ് വരെ വെള്ളം കുടിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് വിറ്റാമിന്‍ ഡി, കാല്‍സ്യം ഗുളികകള്‍ കഴിക്കണം. മഴക്കാലത്ത് സൂപ്പുകള്‍ പതിവാക്കുന്നതും ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ നല്ലതാണ്.
ശരിയായ പാദരക്ഷകള്‍
മഴക്കാലത്ത് ശരിയായ പാദരക്ഷകള്‍ ധരിക്കേണ്ടത് കാലുകളുടെ സംരക്ഷണത്തിന് അനിവാര്യമാണ്. കാലുകളുടെ മുറുക്കം ഒഴിവാക്കാന്‍ അയഞ്ഞ പാദരക്ഷകള്‍ ഉപയോഗിക്കുക. ഷൂസും സോക്‌സും ഇടുന്നത് ഒഴിവാക്കാം. കാരണം പാദങ്ങള്‍ മഴവെള്ളം നനഞ്ഞ് ദീര്‍ഘനേരം ഇരിക്കുമ്പോള്‍ സന്ധിവേദന ഉണ്ടാകും. സ്‌കൂളുകളില്‍ മഴക്കാലത്ത് സോക്‌സ് ഒഴിവാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. കട്ടിയുള്ള വസ്ത്രങ്ങള്‍
കട്ടിയുള്ള വസ്ത്രങ്ങള്‍
അതുപോലെ നല്ല ചൂടു കിട്ടുന്നതും കട്ടിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തെ ചൂടാക്കി നിര്‍ത്തുന്നതും സന്ധിവേദന കുറയ്ക്കാന്‍ സഹായിക്കും. കൈനീളമുള്ള ടീ-ഷര്‍ട്ടുകളും നീളമുള്ള പാന്റും ധരിക്കുക. ഉറങ്ങുമ്പോള്‍ സോക്‌സുകള്‍ ധരിക്കുന്നത് രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള സന്ധിവേദനയുടെ തീവ്രത കുറയ്ക്കും.
എണ്ണ തേച്ചു കുളി
ചൂടുവെള്ളത്തില്‍ എണ്ണ തേച്ചു കുളിക്കുന്നത് മഴക്കാലത്ത് സന്ധി വേദനയും നീര്‍ക്കെട്ടും ഒഴിവാക്കാന്‍ സഹായിക്കും. ഇതിനായി ആയുര്‍വേദ ഡോക്ടറെ കണ്ട് കുഴമ്പുകള്‍ വാങ്ങാം. കുഴമ്പ് തേച്ചു കുളിക്കുന്നത് നടുവേദനയ്ക്കും പേശികളുടെ മുറുക്കം കുറയ്ക്കാനും ഏറെ നല്ലതാണ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.