ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും.
തുടർന്ന് മേൽശാന്തി പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലർച്ചെ 5നാണ് ഭക്തർക്കായി ദർശനം ആരംഭിക്കുന്നത്.
ചിങ്ങം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നതിനുള്ള 'ഉൾക്കഴകം' ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.
ചിങ്ങം 1 മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ ഉണ്ടായിരിക്കും. അഞ്ച് ദിവസത്തെ ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21-ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.
തുടർന്ന് തിരുവോണ പൂജകൾക്കായി ആഗസ്റ്റ് 24-ന് വൈകിട്ട് ശബരിമല നട വീണ്ടും തുറക്കും. ചിങ്ങ മാസ പൂജകൾക്കായി ശബരിമലയിൽ എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.