കൊച്ചി: ആർത്തവകാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ, ടാംപോണുകൾ, കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും കിടപ്പുരോഗികൾക്കുമായി ഉപയോഗിക്കുന്ന ഡയപ്പറുകൾ എന്നിവയുടെ ഉപയോഗം കേരളത്തിൽ അനുദിനം വർധിക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി മനുഷ്യ വിസർജ്യങ്ങളും സ്രവങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സാധാരണക്കാരെ സഹായിക്കുന്ന ഈ ഉൽപ്പന്നങ്ങൾ, ഉപയോഗത്തിന് ശേഷം ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനങ്ങളില്ലാത്തത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമായി മാറുന്നു.
പാരിസ്ഥിതിക ആഘാതം
കേരളത്തിൽ ഒരു ദിവസം ഏകദേശം 200 ടൺ ഡയപ്പർ മാലിന്യങ്ങളാണ് ഉണ്ടാകുന്നത് എന്നാണ് കണക്ക്. ഒരാളുടെ ജീവിതകാലത്തെ ശരാശരിയനുസരിച്ച് ഒരു പുരുഷൻ 4,000 മുതൽ 13,300 വരെയും സ്ത്രീ 15,000 മുതൽ 32,000 വരെയും സാനിറ്ററി മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിയുന്ന ഇവ പൂർണ്ണമായി വിഘടിച്ച് ഇല്ലാതാകാൻ 400 വർഷത്തോളം വേണ്ടിവരും.
സാനിറ്ററി പാഡുകളുടെ 75 ശതമാനവും നിർമിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗിച്ചാണ്.
സോഡിയം പോളി അക്രിലേറ്റ്
പോളി പ്രൊപ്പിലീൻ
പോളിത്തീൻ
പോളിയൂറത്തീൻ
പോളിയെസ്റ്റർ
സംസ്ഥാനത്ത് വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമാണ് വീടുകളിൽ നിന്ന് നേരിട്ട് സാനിറ്ററി മാലിന്യം ശേഖരിക്കാനുള്ള സംവിധാനമുള്ളത്. ബാക്കിയിടങ്ങളിൽ ആളുകൾ ഇത് വീട്ടുപറമ്പിൽ കുഴിച്ചിടുകയോ കത്തിക്കുകയോ ആളൊഴിഞ്ഞ ഇടങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നു. ശരീരദ്രവങ്ങളും രോഗാണുക്കളും ദ്രാവകം വലിച്ചെടുക്കുന്ന പോളിമറുകളും പ്ലാസ്റ്റിക്കും അടങ്ങിയ ഈ മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് കൈകാര്യം ചെയ്യുന്നവർക്കും ചുറ്റുപാടിനും അപകടകരമാണ്. ഇത് മണ്ണും വെള്ളവും വലിയ തോതിൽ മലിനമാക്കുന്നു.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.