തളിപ്പറമ്പ:തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പുരാണകാലത്തെ ആയുധ പരിശീലന കുഴിക്കളരിയുടെതെന്നു കരുതുന്ന അടിത്തറ കണ്ടെത്തി.
ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ തെക്ക് ഭാഗത്ത് കാടുപിടിച്ച സ്ഥലത്തെ മണ്ണു നീക്കിയപ്പോഴാണു ചെങ്കല്ലിൽ നിർമിച്ച പഴയ 'നാൽപത്തീരടിക്കളരി'യുടേതെന്ന് കരുതുന്ന അടിത്തറ കണ്ടെത്തിയതെന്ന് ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ പറഞ്ഞു .ക്ഷേത്ര മതിൽ കെട്ടിനകത്ത് വടക്ക് ഭാഗത്തായി സമാന്തരമായി മറ്റൊരു കുഴിയുള്ളത് വേറൊരു കളരിയുടെതാണെന്നും കിടക്കുഭാഗത്തായി ഒരു നിലക്കളരിയും ഉണ്ടായിരുന്നതായും പഴമക്കാർ പറയുന്നു .വേദ പാഠവും ആയുധ പരിശീലനവും ഏകകാലത്തു നൽകിപ്പോന്നിരുന്ന പണ്ടത്തെ ശാലകളുടെ ഭാഗമായോ, ക്ഷേത്രവും ഗ്രാമവും സംരക്ഷിക്കാനുള്ള സുരക്ഷാഭട സംഘത്തിൻ്റെ പരിശീലന ക്കളമായോ ഈ കളരിയെ കണക്കാക്കാം.പുരാണകാലത്ത് ഇവിടെ ഇത്തരമൊരു കളരിയുണ്ടായിരുന്നതായി കേട്ടുകേൾവിയുണ്ടായിരുന്നെങ്കിലും തെളിവുകൾ കണ്ടെത്തിയിരുന്നില്ല.
'കേരള മാഹാത്മ്യം' എന്ന കൃതിയിൽ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്നു രാജരാജേശ്വര ക്ഷേത്രം തന്ത്രി പുടയൂർ ജയനാരായണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു .
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ 42 അടി വിസ്തീർണമുള്ള ആലയത്തിൽ സുബ്രഹ്മണ്യനും പരശുരാമനും ചേർന്ന് ആയുധ പരിശീലനം നടത്തിയിരുന്നെന്നും അഗസ്ത്യൻ അതിന്റെ വായ്ത്താരികൾ ചൊല്ലിക്കൊടുത്തെന്നും പരാമർശമു ണ്ടെന്നു ജയനാരായണൻ നമ്പൂതിരി പറഞ്ഞു.ശതസോമൻ എന്ന കോലത്തിരി രാജാവായി രുന്നു പെരുഞ്ചെല്ലുർ ക്ഷേത്രം
നിർമിച്ച് നീലകണ്ഠപ്പെരുമാളെ പ്രതിഷ്ഠിച്ചതും ക്ഷേത്രം പരിപാലിക്കുവാൻ നമ്പൂതിരിമാരെ ഏല്പിച്ചതും .
പെരുഞ്ചെല്ലൂർ എന്നും ലക്ഷ്മീപുരം എന്നുമാണു പുരാണകാലത്ത് തളിപ്പറമ്പ് അറിയപ്പെട്ടിരുന്നത്.
കോലത്തിരി രാജവംശത്തിന്റെ ക്ഷയത്തിനുശേഷം ചിറക്കൽ രാജവംശവുമായി ക്ഷേത്ര ത്തെച്ചൊല്ലി തർക്കമുണ്ടായപ്പോൾ ക്ഷേത്രസംരക്ഷണത്തിനായി പോരാളികൾക്ക് ഇത്തര ത്തിൽ കളരികളിൽ ആയുധ പരി ശീലനം നൽകിയിരുന്നതായി കേട്ടറിവുള്ളതായും പഴമക്കാർ പറയുന്നു.
കുറുമാത്തൂർ ഇല്ലക്കാരായിരുന്നു ഈ കളരിയുടെ ചുമതല വഹിച്ചിരുന്നതെന്നും നമ്പൂതിരി യോഗക്കാരുടെ അധ്യക്ഷനും ഗ്രാമത്തലവനുമായി കുറുമാത്തൂരില്ലത്തെ നമ്പൂതിരിയെ 'നായ്ക്കൻ ' എന്ന സ്ഥാനപ്പേര് നല്കി നിയമിക്കുകയും ചെയ്തതായും അറിയുന്നു .
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.