കൊട്ടിയൂർ: ആചാരപരമായും പാരിസ്ഥിതികമായും ഏറെ പ്രാധാന്യമുള്ള കൊട്ടിയൂർ ആയില്യാർകാവിൽ നടന്ന മരംമുറി വാണിജ്യതാൽപര്യങ്ങളുടെ ഭാഗമാണെന്ന് പ്രഭാഷകനും സാഹിത്യകാരനുമായ സന്തോഷ് ഇല്ലോളിൽ പറഞ്ഞു. ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ആയില്യാർകാവിൽനിന്ന് വിലപിടിപ്പുള്ള അമൂല്യ വൃക്ഷങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം വിശദീകരണം നൽകണം. സംഭവത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ ദേവസ്വത്തിന് ബാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിരപുരാതനമായ ആയില്യാർകാവിൽ വർഷത്തിൽ രണ്ടുതവണ മാത്രമാണ് താന്ത്രികവിധിപ്രകാരമുള്ള കർമങ്ങൾക്കായി മനുഷ്യപ്രവേശനം അനുവദിക്കുന്നതെന്നത് നാളിതുവരെ പാലിച്ചുവരുന്ന ആചാരമാണെന്ന് ഭക്തസംഘം ഭാരവാഹികൾ പറഞ്ഞു. ഈ ആചാരം ലംഘിച്ച് കാവിൽ പ്രവേശിക്കുകയും അമൂല്യമായ വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തത് വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നതും ക്ഷേത്രപാരമ്പര്യത്തോടുള്ള വെല്ലുവിളിയുമാണെന്നും ഭക്തസംഘം ആരോപിച്ചു.
സെപ്റ്റംബർ 18ന് ചേർന്ന ഭക്തസംഘത്തിന്റെ അടിയന്തരയോഗം സംഭവത്തിൽ പ്രതിഷേധം രേഖാമൂലം ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു. യോഗത്തിൽ തയ്യാറാക്കിയ വിശദമായ പ്രതിഷേധക്കുറിപ്പ് അന്ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലുണ്ടായിരുന്ന കേരള ഹൈക്കോടതി നിയോഗിച്ച കമ്മീഷണർ അഡ്വ. കെ.ബി. പ്രദീപ്കുമാറിനും നേരിട്ട് സമർപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കൊട്ടിയൂരിൽ നടന്നപ്രതിഷേധ കൂട്ടായ്മയിൽ ഭക്തസംഘം ജനറൽ സെക്രട്ടറി എം.ആർ. രജീഷ് അധ്യക്ഷത വഹിച്ചു. കേരള ആദ്ധ്യാത്മികപ്രഭാഷകസമിതി ജനറൽ സിക്രട്ടറി കൊട്ടിയൂർ പി.എസ്. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വില്ലിപ്പാലൻ ഇ.വി. മാധവക്കുറുപ്പ്, ഭക്തസംഘം ട്രഷറർ പി.വി. മാധവൻ നമ്പ്യാർ, ശ്രീജേഷ് വിളമന എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.പി. രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും സംഗീത് മഠത്തിൽ നന്ദിയും പറഞ്ഞു. പാമ്പറപ്പാൻ തോട് പരിസരത്തു നിന്നും ഭക്തസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന നാമജപ ഘോഷയാത്ര ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചതിനുശേഷമാണ് പ്രതിഷേധ കൂട്ടായ്മ നടന്നത്.നാമജപ ഘോഷയാത്രയ്ക്ക് ശ്രീകുമാർ നിങ്കിലേരി, പ്രേമരാജൻ ഇടയാർ, ശ്രീജിത്ത്,ലിജീഷ്, വിനോദ് പള്ളൂർ, ഗംഗാധരൻ പുറമേരി , ദാസൻ പുത്തൂർ എന്നിവർ നേതൃത്വം നൽകി.
ആയില്യാർകാവിലെ ആചാരലംഘനം, മരംമുറി, അക്കരെ കൊട്ടിയൂരിലെ ക്ഷേത്രപ്രവേശനം എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭക്തസംഘം ഭാരവാഹികൾ ദേവസ്വം അധികൃതർക്ക് നിവേദനം നൽകി.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.