തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകൾക്കുള്ള നിരക്കിൽ 90 ശതമാനം വരെ കുറവ് വരുത്തി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി). ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് പുതുക്കിയ നിരക്കുകൾ 2026 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു
പുതിയ കണക്ഷൻ എടുക്കുന്നതിനും കണക്റ്റഡ് ലോഡ്, ഫേസ് എന്നിവയിൽ മാറ്റം വരുത്തുന്നതിനും ഇനി നിശ്ചിത നിരക്കിൽ പണമടയ്ക്കാം. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഓഫിസിലെത്തുന്നതിനുമുള്ള നടപടികൾ ഒഴിവാക്കി പണമടയ്ക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
നേരത്തെ പുതിയ കണക്ഷൻ നൽകാൻ ഓവർഹെഡ് ലൈൻ, വൈദ്യുതിത്തൂൺ, ട്രാൻസ്ഫോർമർ എന്നിവ സ്ഥാപിക്കേണ്ടിവന്നാൽ അതിന്റെ മുഴുവൻ ചെലവും ഉപഭോക്താവ് വഹിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം ആവശ്യപ്പെടുന്ന കണക്റ്റഡ് ലോഡിന് അനുസരിച്ചുള്ള നിശ്ചിത തുക അടച്ചാൽ മതിയാകും.
പുതിയ സംവിധാനത്തിൽ നിശ്ചിത തുക അപേക്ഷാ ഫീസിനൊപ്പം അടയ്ക്കാം. ഇതിനായി ഫീൽഡ് പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതില്ല.
നിലവിലെ വൈദ്യുതി ലൈനിൽനിന്ന് 200 മീറ്റർ പരിധിക്കുള്ളിലുള്ള കണക്ഷനുകൾക്കാണ് ആദ്യഘട്ടത്തിൽ പെർ കെവിഎ നിരക്ക് ബാധകമാകുന്നത്. 35 മീറ്റർ വെതർപ്രൂഫ് വയറിനു പുറമേയുള്ള പരിധിയാണിത്.
1,000 കെവിഎ വരെ കണക്റ്റഡ് ലോഡുള്ള ഉപഭോക്താക്കളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.ഗാർഹിക ഉപഭോക്താക്കൾക്ക് പുതിയ സ്ലാബ്10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ഉപഭോക്താക്കൾക്ക് സ്ലാബ് അടിസ്ഥാനത്തിലാണ് പുതിയ കണക്ഷൻ നിരക്ക് ഈടാക്കുന്നത്. രണ്ട് കിലോവാട്ട് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കായി 2,000 രൂപയുടെ പുതിയ സ്ലാബും ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് കിലോവാട്ട് വരെ ഗാർഹിക കണക്ഷൻ: ₹2,000ഒരു കിലോവാട്ട് വരെ മറ്റ് ഉപഭോക്താക്കൾ: ₹2,500
ഒന്ന് മുതൽ രണ്ട് കിലോവാട്ട് വരെ: ₹3,000രണ്ട് മുതൽ അഞ്ച് കിലോവാട്ട് വരെ: ₹5,000
അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ: ₹8,000ഏഴ് മുതൽ 10 കിലോവാട്ട് വരെ: ₹10,000
10 കിലോവാട്ടിന് മുകളിലുള്ള കണക്ഷനുകൾക്ക് കണക്റ്റഡ് ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് അടിസ്ഥാനമാക്കി കെവിഎ/കിലോവാട്ട് നിരക്കുകളാണ് ബാധകമാകുന്നത്.
ഉയർന്ന ലോഡുള്ള കണക്ഷനുകൾക്കും പുതുക്കിയ നിരക്ക്10 മുതൽ 30 കെവിഎ/കിലോവാട്ട് വരെയുള്ള കണക്ഷനുകൾക്ക് യൂണിറ്റിന് ₹1,560 എന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
30 മുതൽ 40 കെവിഎ/കിലോവാട്ട് വരെ ₹2,890, 40 മുതൽ 50 കെവിഎ/കിലോവാട്ട് വരെ ₹4,225, 50 മുതൽ 100 കെവിഎ/കിലോവാട്ട് വരെ ₹5,670 എന്നിങ്ങനെയാണ് നൽകിയിരിക്കുന്ന പുതുക്കിയ നിരക്കുകൾ.
പുതിയ നിരക്കുകൾ ദുർഘടമേഖലകളിൽ കണക്ഷൻ എടുക്കുന്നവർക്കും ആശ്വാസമാകും. നാല് പോസ്റ്റുകൾ ഉൾപ്പെടെ 200 മീറ്റർ ഓവർഹെഡ് ലൈൻ സ്ഥാപിച്ച് കണക്ഷൻ നൽകുന്നതിന് മുമ്പ് ഈടാക്കിയിരുന്ന 51,425 രൂപ 5,000 രൂപയായി കുറച്ചിട്ടുണ്ട്.
ഓവർഹെഡ് ലൈനും പോസ്റ്റുകളും ആവശ്യമായ മറ്റ് സ്ലാബുകളിലും നിരക്കുകൾ കുറച്ചിട്ടുണ്ട്. ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ട കണക്ഷനുകൾക്കും പഴയ നിരക്കുകളെ അപേക്ഷിച്ച് ചെലവ് കുറയും.
വ്യവസായ, വാണിജ്യ ഉപഭോക്താക്കൾക്കും ഇത് പ്രയോജനകരമാകും.ഫേസ് മാറ്റത്തിനും ഹൈ ടെൻഷൻ കണക്ഷനും ഇളവ്കണക്റ്റഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫേസിൽനിന്ന് ത്രീ ഫേസിലേക്ക് മാറുന്നതിന് കിലോവാട്ടിന് 700 രൂപ നൽകിയാൽ മതിയാകും.
ഫേസ് മാറ്റത്തിനുശേഷം ആകെ കണക്റ്റഡ് ലോഡ് 10 കിലോവാട്ടിന് മുകളിലാണെങ്കിൽ മാത്രമേ അധിക ലോഡിനുള്ള തുക അടയ്ക്കേണ്ടതുള്ളൂ.മുഴുവൻ കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിലല്ല, അധികമായി വരുന്ന ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് കണക്കാക്കിയാണ് തുക ഈടാക്കുക.
റിങ് മെയിൻ യൂണിറ്റ് ആവശ്യമില്ലാത്ത ഹൈ ടെൻഷൻ കണക്ഷനുകൾക്ക് കെവിഎയ്ക്ക് 1,800 രൂപയാണ് നിരക്ക്. ഇതിന് പരമാവധി അഞ്ച് ലക്ഷം രൂപയായി പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.