തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ചില ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഈ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ്ദവും കേരളത്തിൽ മഴ ശക്തമാകാൻ കാരണമായേക്കും. മന്നാർ ഉൾക്കടലിലും തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന പ്രദേശത്തും സമുദ്രനിരപ്പിൽനിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി തുടരുന്നതായാണ് റിപ്പോർട്ട്.
ഇതിനുപുറമേ, തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഈ സാഹചര്യങ്ങളുടെ സ്വാധീനത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.