തളിപ്പറമ്പ: ശാസ്ത്ര വിഷയങ്ങളിൽ ഏപ്രിൽ മാസം മുതൽ ഓഗസ്റ്റ് മാസം വരെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ ഇന്ത്യയിലെ മുൻനിര ഗവേഷണ സ്ഥാപനങ്ങളിൽ റിസർച്ച് നടത്തുന്നതിനായി ലഭിക്കുന്ന സമ്മർ റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമിൽ അഭിമാനാർഹമായ നേട്ടം കൊയ്തിരിക്കുകയാണ് തളിപ്പറമ്പ്
സർ സയ്യിദ്ദ് കോളേജ്. ഈ വർഷം ശാസ്ത്ര വിഷയങ്ങളിൽ ആറ് വിദ്യാർത്ഥിനികളാണ് ഈ ഫെലോഷിപ്പ് നേടിയത്.
ഇതിൽ അഞ്ച് പേരും പ്രശസ്ത ശാസ്ത്ര ഗവേഷണ അക്കാദമികളായ ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി,
നാഷണൽ സയൻസ് അക്കാഡമി ഓഫ് ഇന്ത്യ,ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ് എന്നിവ സംയുക്തമായി നൽകുന്ന ഫെലോഷിപ്പിനാണ് അർഹരായത്. അഞ്ചാം സെമസ്റ്ററിലെ ബി എസ് സി കെമിസ്ട്രി വിദ്യാർഥിനികളായ
കെ എൻ ഷഹർബാന, ഫാത്തിമ റഷ, ബി എസ് സി സുവോളജി വിദ്യാർഥിനികളായ വി പി ഫർഹാ ജാസ്മിൻ, ഹനാൻ ബിൻത് സലീം, ബി എസ് സി ബോട്ടണി വിദ്യാർത്ഥിനിയായ ഇ എം ഫാത്തിമത്തുൽ ഫിദ എന്നിവരാണ് സയൻസ് അക്കാദമികളുടെ സംയുക്ത ഫെലോഷിപ്പ് നേടിയത്.
ഇവരോടൊപ്പം എം എസ് സി കെമിസ്ട്രി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയായ പി പി മർവ
കേന്ദ്രസർക്കാർ സ്ഥാപനമായ ഡി എസ് ടി നൽകുന്ന ഇൻസ്പയർ സമ്മർ റിസർച്ച് ഫെലോഷിപ്പ് നേടിയിട്ടുണ്ട്.
ഇപ്രാവശ്യം അഞ്ചു വിദ്യാർത്ഥിനികൾ ഇന്ത്യൻ സയൻസ് അക്കാദമികളുടെ സംയുക്ത സമ്മർ റിസർച്ച് ഫെലോഷിപ്പ് നേടി കൊണ്ട് ശാസ്ത്ര വിഷയങ്ങളിൽ ഏറ്റവും കൂടുതൽ ഫെലോഷിപ്പ് നേടിയ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്ന ബഹുമതി കൂടി സർ സയ്യിദ് കോളേജിനു കൈവരിച്ചുകൊടുത്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സർ സയ്യിദ് കോളേജ്ലെ കെമിസ്ട്രി വിഭാഗത്തിൽ മാത്രം നാലുപേർ വീതം ഈ ഫെലോഷിപ്പ് കരസ്ഥമാക്കിക്കൊണ്ട് മികച്ച നേട്ടം കൊയ്തിരുന്നു .
ഈ വിദ്യാർത്ഥിനികൾ ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞരോടൊപ്പം മുൻനിര ഗവേഷണ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ഹൈദരാബാദ് ( മർവാ പി പി ),
സി എസ് ഐ ആർ എൻ ഐ ഐ എസ് ടി തിരുവനന്തപുരം( കെ എൻ ഷഹർബാന ),സെന്റർ ഫോർ ഹൈ ഇംപാക്ട് ന്യൂറോ സയൻസ് ആൻഡ് ട്രാൻസ്ലേഷനൽ അപ്ലിക്കേഷൻ കൊൽക്കത്ത ( വി പി ഫർഹ ജാസ്മിൻ),നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഹൈദരാബാദ് ( ഹനാൻ ബിൻത് സലീം ),ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ഭുവനേശ്വർ
( ഇ എം ഫാത്തിമത്തുൽ ഫിദ ) എന്നിവയിൽ ശാസ്ത്ര ഗവേഷണം ചെയ്യുകയാണ്.
കോളേജിന്റെ ഈ നേട്ടത്തിൽ മാനേജർ അഡ്വക്കേറ്റ് പി മഹമൂദ്, സി ഡി എം ഇ എ സെക്രട്ടറി അള്ളാങ്കുളം മഹമൂദ്, പ്രിൻസിപ്പൽ പ്രൊഫാ: ഇസ്മായിൽ ഓലായിക്കര എന്നിവർ വിദ്യാർത്ഥിനികളെ പ്രത്യേകം അഭിനന്ദിച്ചു.
ഇതോടൊപ്പം ശാസ്ത്ര വിദ്യാർത്ഥികളുടെ ഗവേഷണ അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനും, ദേശീയതലത്തിൽ അവർക്കുള്ള മികച്ച അവസരങ്ങളെ നേടാൻ കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് അധ്യാപകരെ അനുമോദിക്കുകയും ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.